കരുതിയിരിക്കുക: ഭൂമി 'ഉരുകുന്നു'
ഡോ. കെ.പി. പ്രഭാകരന്‍ നായര്‍
കന്യാകുമാരി മുതല്‍ മഞ്ചേശ്വരംവരെ നീണ്ടുകിടക്കുന്ന കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍വെള്ളം കയറി കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് തുടങ്ങിയ നഗരങ്ങള്‍ വെള്ളത്തിനടിയിലാവുന്ന സ്ഥിതി സങ്കല്പിച്ചുനോക്കുക. ഇന്ത്യയിലെ പ്രമുഖ നദികളായ ഗംഗ, ബ്രഹ്മപുത്ര, സിന്ധു എന്നിവ ഹിമാലയന്‍ ഹിമപ്പരപ്പ് കുറയുന്നതു കാരണം മഴക്കാലം കഴിഞ്ഞാല്‍ വറ്റിപ്പോവുന്നതും 2035 ആവുമ്പോഴേക്കും പൂര്‍ണമായി തിരോഭവിക്കുന്നതുമായ അവസ്ഥയും സങ്കല്പിക്കുക. പ്രത്യേക സാമ്പത്തികമേഖല സംബന്ധിച്ച സാമ്പത്തികനയം സ്വന്തം ഭൂമിയില്‍നിന്ന് തുരത്തിവിട്ട കൃഷിക്കാരടക്കമുള്ളവര്‍ നഗരങ്ങളിലെ ചേരികളില്‍ ഒഴിഞ്ഞ വയറുമായി 'സാമ്പത്തിക അഭയാര്‍ഥി'കളായി കഴിയേണ്ടിവരുന്ന സാഹചര്യമൊന്ന് ചിന്തിച്ചുനോക്കുക. ചൂട് വര്‍ധിക്കുക കാരണം ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ വരണ്ട പ്രദേശങ്ങളില്‍ ഇപ്പോള്‍ ത്തന്നെ മോശമായ വിളകള്‍ വീണ്ടും മൂക്കുകുത്തുന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കുക. അവസാനമായി, 1000 ചതുരശ്ര കിലോമീറ്ററോളം പ്രദേശം വെള്ളപ്പൊക്കത്തിലായതുകാരണം ഉപജീവനത്തിനായി ലക്ഷക്കണക്കിനു ബംഗ്ലാദേശുകാര്‍ അതിര്‍ത്തി കടന്ന് തൊട്ടടുത്ത പശ്ചിമ ബംഗാളിലേക്കും ദൂരെ മുംബൈയിലേക്കുപോലും എത്തിച്ചേര്‍ന്നാലത്തെ സ്ഥിതിയും ഓര്‍ത്തുനോക്കുക. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ യോഗം ചേര്‍ന്ന ഐ.പി.സി.സി. തയ്യാറാക്കിയ (ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) രഹസ്യ റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന മുന്നറിയിപ്പാണിത്. ഇതിനെല്ലാം ഇടയാക്കുന്ന ആഗോളതാപനം അരങ്ങത്തെത്തിക്കഴിഞ്ഞിരിക്കുന്നു.
കാലാവസ്ഥാമാറ്റംമൂലം ഉണ്ടായേക്കാവുന്ന ചില രൂക്ഷമായ പരിണതികളാണിവ. തീരപ്രദേശത്തെ ഏറെ ജനസാന്ദ്രതയുള്ള ചില നഗരങ്ങളെയടക്കം വെള്ളത്തിലാഴ്ത്തിക്കൊണ്ട് 2100 ആകുമ്പോഴേക്കും കടല്‍നിരപ്പ് ചുരുങ്ങിയത് 40 സെ.മീറ്ററെങ്കിലും ഉയരും. ചൂട് വര്‍ധിക്കുക കാരണം വിളവെടുപ്പ് കുറയും. അത് ഇപ്പോഴേ ആവശ്യമായ പോഷകാഹാരം ലഭിക്കാത്ത ദരിദ്രരുടെ അവസ്ഥ ഏറെ പരിതാപകരമാക്കുകയും ചെയ്യും. ഭക്ഷണം കൂടുതല്‍ ചെലവേറിയതാകും. കൃഷിയെയും മീന്‍പിടിത്തത്തേയും കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കും. കൃഷിയെ ബാധിക്കുന്നത്, ചൂട് വര്‍ധിക്കുകയാല്‍ ജലസേചനം സാധ്യമാവുന്നതും കൃഷിചെയ്യാവുന്നതുമായ ഭൂമിയുടെ അളവ് കുറച്ചുകൊണ്ടാണ്. താഴ്ന്ന പ്രദേശങ്ങള്‍ കടലിനടിയിലാവുമെന്നതാണ് മത്സ്യക്കൃഷിക്ക് വിനയായിത്തീരുക. അത്യുഷ്ണംകാരണം മരണനിരക്ക് ഉയരും.
ഇത് ദരിദ്രരെയും വൃദ്ധജനങ്ങളേയും ദിവസക്കൂലിക്കാരായ കര്‍ഷകത്തൊഴിലാളികളടക്കമുള്ളവരെയുമാണ് ഏറെ ബാധിക്കുക. ഹിമാനി ഉരുകുന്നത് ഹിമാലയ-ഹിന്ദുക്കുഷ് പ്രദേശത്തെ കോടിക്കണക്കായ ആളുകള്‍ക്ക് സാരമായ ദോഷം ചെയ്യും. ദക്ഷിണേന്ത്യയിലെമ്പാടും കുന്നിന്‍ചെരിവുകളില്‍ നടക്കുന്ന കൃഷിക്കാവശ്യമായ വെള്ളം ഉരുകുന്ന ഹിമാനികളില്‍നിന്നാണ് ലഭിക്കാറ്. ഇന്ത്യയായിരിക്കും ഈ കെടുതി ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരിക. കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാന്‍ കഴിയുന്നവയല്ല ഹിമാലയത്തിലെ ഹിമാനികള്‍. ഉയര്‍ന്ന താപനിലയില്‍ കൂടുതല്‍ മഞ്ഞുകട്ടകള്‍ ഉരുകുക മാത്രമല്ല ചെയ്യുക, മഞ്ഞുകട്ടകള്‍ രൂപംകൊള്ളുന്നത് വൈകിക്കുകയും ചെയ്യും. ജമ്മു-കാശ്മീരില്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍പ്പോലും ചൂടാണ് അനുഭവപ്പെട്ടുവരുന്നത്. ഹിമാലയത്തിലെ ഹിമപ്പരപ്പ് ഉരുകുന്നത് വെള്ളപ്പൊക്കവും ഹിമപാതവും വര്‍ധിപ്പിക്കും. അടുത്ത രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ക്കകം ജലവിഭവങ്ങളെ ഇത് ഏറെ പ്രതികൂലമായി ബാധിക്കുമെന്നുവേണം കരുതാന്‍.
നമ്മള്‍ ഇന്ത്യക്കാര്‍ വ്യവസായവത്കരണം സാധിക്കാതെ ദരിദ്രരായി കഴിയുകയാണെന്നും പാശ്ചാത്യരുടെ ഉയര്‍ന്ന ജീവിതനിലവാരമാണ് എല്ലാ മലിനീകരണത്തിനും ആഗോളതാപവര്‍ധനയ്ക്കും കാരണമാവുന്നതെന്നും കരുതുന്നത് ശരിയല്ല. മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടുന്നതിനു മുമ്പ് നാം നമ്മുടെ ചുറ്റുപാടുകള്‍ ശരിപ്പെടുത്തണം. ഇന്ത്യയിലെ ഏറ്റവും മേല്‍ത്തട്ടില്‍ ജീവിക്കുന്ന രണ്ടുമൂന്നു ശതമാനം പേര്‍ ലോകത്തിലെതന്നെ ഏറ്റവും വലിയ മലിനീകരണക്കാരാണ്. ഇന്ത്യ മലിനീകരണം സൃഷ്ടിക്കുന്നതില്‍ ഏറ്റവും പിറകിലാണെന്ന് ദേശീയ ശരാശരി ചൂണ്ടിക്കാണിച്ച് സമര്‍ഥിക്കാറുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ദേശീയ ശരാശരി, ആഗോള താപവര്‍ധനയ്ക്കിടയാക്കുന്ന യഥാര്‍ഥ മലിനീകരണത്തോതിനെ മൂടിവെയ്ക്കുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ഭൂരിപക്ഷം ഇന്ത്യക്കാരും ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലല്ല. പാരിസ്ഥിതിക സൗഹാര്‍ദം പുലര്‍ത്തുന്ന ജീവിതക്രമം, പാരമ്പര്യ സാംസ്‌കാരികശീലത്തിന്റെ ഭാഗമായി പുലര്‍ത്തുന്നവരെയും ദേശീയ ശരാശരിയില്‍ നിന്ന് വേറിട്ട് മനസ്സിലാക്കുവാന്‍ കഴിയുകയില്ല. ഗ്രാമങ്ങളിലേക്കു ചെന്നാല്‍ അവിടെ രണ്ട് ശീതീകരണി ഉപയോഗിക്കുന്നവരെയും വാതകമുപയോഗിച്ച് കാറോടിക്കുന്നവരെയും കാണുകയില്ല. ദിവസത്തില്‍ 10 തവണ കുട്ടികളുടെ മല-മൂത്രത്തുണി (ഡയപ്പര്‍) ഉപേക്ഷിക്കുന്നവരും അവിടെ ഉണ്ടാവില്ല. പണ്ട് അമ്മമാര്‍ കുട്ടികളുടെ മൂത്രത്തുണി കഴുകി വീണ്ടും ഉപയോഗിക്കുകയായിരുന്നു പതിവ്. 'ആധുനിക അമ്മ'മാര്‍ എത്രപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്? അവര്‍ ഉപേക്ഷിക്കുന്ന ഓരോ ഡയപ്പറും നിര്‍മിക്കുവാന്‍ എത്ര ഊര്‍ജം വേണ്ടിവരുന്നുണ്ടെന്ന് ആരെങ്കിലും ഓര്‍ത്തുനോക്കാറുണ്ടോ? സര്‍വോപരി, ധനികരും അതീവ സമ്പന്നരും തങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ട
No comments:
Post a Comment